Vinayak Chaturthi Essay in Malayalam (വിനായക ചതുർത്ഥി) ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി.
Vinayak Chaturthi Essay in Malayalam (വിനായക ചതുർത്ഥി)
വിനായക ചതുർത്ഥി പ്രബന്ധം : ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. വിനായക ചതുർത്ഥി ദിനത്തിലെ വ്രതാനുഷ്ഠാനത്തിന് വളരെ പ്രധാന്യം കൽപ്പിക്കുന്നുണ്ട്. 11 ദിവസം നീണ്ടുനിൽക്കുന്നതാണ് വിനായക ചതുർത്ഥി ആഘോഷം അഥവാ ഗണേശോത്സവം. ഗണേശ വിഗ്രഹമുണ്ടാക്കുന്നത് മുതൽ തുടങ്ങുന്ന ഈ ഉത്സവം വിഗ്രഹം നിമജ്ജനം ചെയ്യുന്നതോടെയാണ് അവസാനിക്കുന്നത്.
ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലേതുപോലുള്ള ആചാരങ്ങൾ പതുക്കെ പ്രചാരത്തിലാകുന്നുണ്ട്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് അതുപോലെ തന്നെ ഉത്തരേന്ത്യയിലെല്ലാം വലിയ ഉത്സവമാണ് ഇത്.
ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു. മണ്ണുകൊണ്ട് നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.
കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് ഈ ദിവസം നടത്തിവരാറുള്ളത്. ഇതേ ദിവസം തന്നെയാണ് ഗജപൂജ, ആനയൂട്ട് എന്നിവ നടത്തുന്നത്. കളിമണ്ണിൽ വലിയ ഗണപതി വിഗ്രഹങ്ങള്‍ നിർമ്മിച്ച് പൂജ നടത്തിയശേഷം കടലിൽ നിമഞ്ജനം ചെയ്യുന്നതും വിനായക ചതുര്‍ത്ഥി നാളിലാണ്.
വളരെ പ്രത്യേകതകൾ നിറഞ്ഞ ശരീരത്തിന് ഉടമയാണ് ഗണപതി. തലയ്ക്ക് ചേരാത്ത ഉടലും, ഉടലിനു ചേരാത്ത വയറും, വയറിനു ചേരാത്ത കാലും, ശരീരത്തിന് ചേരാത്ത വാഹനവും എല്ലാം ഗണപതിയെ മറ്റ് ദേവതകളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. പരസ്പ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ് പ്രപഞ്ചം. ഇത് തന്നെയാണ് ഗണപതി സങ്കൽപ്പത്തിനും പിന്നിലുള്ളത്. ദേവ -മനുഷ്യ -മൃഗ -പക്ഷി -വൃക്ഷ -ഗണ ങ്ങളുടെ പതി അഥവാ നാഥന്‍ എന്ന അര്‍ത്ഥമാണ് ഗണപതി എന്ന വാക്കുകൊണ്ട് ഉദേശിക്കുന്നത് .
ഒരിക്കൽ ചതുര്‍ത്ഥി തിഥിയിൽ ഗണപതി ഭഗവാൻ ആനന്ദനൃത്തം നടത്തിയപ്പോള്‍ പരിഹാസത്തോടെ ചന്ദ്രൻ ചിരിച്ചു. ഗണപതിയുടെ കുടവയറും താങ്ങിയുള്ള നൃത്തത്തെയാണ് ചന്ദ്രൻ പരിഹസിച്ചത്. ഇതിൽ കുപിതനായ ഗണപതി ചന്ദ്രനോട് ക്ഷമിക്കാൻ തയ്യാറായില്ല. അങ്ങനെ, ഈ ദിവസം ചന്ദ്രനെ നോക്കുന്നവരെല്ലാം സങ്കടത്തിന് പാത്രമാകുമെന്ന് ഗണപതി ശപിച്ചു. ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി. ഇതില്‍ വിഷമിച്ച വിഷ്ണു ഭഗവാന്‍ ശിവഭഗവാൻ്റെ മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു. അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെട്ടു. ശിവഭഗവാന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു സങ്കടങ്ങള്‍ മാറ്റി. ഇതാണ് വിനായക ചതുര്‍ത്ഥി ദിനത്തിൻ്റെ ഐതീഹ്യം.
ചതുര്‍ത്ഥിനാളില്‍ ചന്ദ്രദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നും, ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിയും വരുമെന്നുമുള്ള വിശ്വാസം നിലനിൽക്കുന്നുണ്ട്.
COMMENTS